തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് ചെയ്ത പിസി ജോർജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.
ജാമ്യം ലഭിച്ച പിസി ജോർജ്ജ് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് മതവിദ്വേഷ പരാമർശങ്ങള്‍ വീണ്ടും ആവർത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും നാളെ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു.