കോട്ടയം: സര്‍ക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്ന് വിദ്വേഷപ്രസംഗക്കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി.സി.ജോര്‍ജ്. ഞായറാഴ്ചത്തെ ചോദ്യംചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി.സി.ജോർജ് ആരോപിച്ചു.തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ മറുപടി നല്‍കുമെന്നായിരുന്നു പി.സി.ജോര്‍ജ് ജയിൽമോചിതനായശേഷം പറഞ്ഞിരുന്നത്. എന്നാൽ ചോദ്യംചെയ്യലിനു ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയതോടെ ജോർജിനു തൃക്കാക്കരയിലെ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി.ജോർജിനുള്ള ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പി.സി.ജോർജിനെതിരെ ചുമത്താനാകും. വിദ്വേഷ പ്രസംഗക്കേസിൽ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക. ശബ്ദപരിശോധനയും നടത്തേണ്ടതുണ്ടെന്ന് പൊലീസ് നോട്ടിസിൽ പറയുന്നു.












