തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുവമോർച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ യൂത്ത് ഓൺ സ്ട്രീറ്റ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണൽ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണപ്രതിപക്ഷങ്ങൾക്കുള്ളതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫിൽ രണ്ട് വർഷം പൂർത്തിയാകുന്നവർക്ക് കേരളത്തിൽ ആജീവനാന്ത പെൻഷനാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 15% പേരെ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും പിരിച്ചുവിട്ടു.
കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫിൽ പോലും 30 ഓളം പേരാണുള്ളത്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇത് തന്നെയാണ് അവസ്ഥ. വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജസദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്.