തിരുവനന്തപുരം > തിരുവനന്തപുരത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ റുവൈസിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കിയോക്കുമെന്ന് സർവകലാശാല അധികൃതർ. ആരോഗ്യസർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുമ്പോൾ തന്നെ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കോഴ്സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്ന സത്യവാങ്മൂലം വാങ്ങാറുണ്ട്.
ഇത്തരത്തിൽ റുവൈസിന്റെ പക്കൽ നിന്നും സത്യവാങ്ങ്മൂലം വാങ്ങിയിട്ടുണ്ട്. അതിനാൽ കോടതി റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കാൻ കഴിയുമെന്ന് ആരോഗ്യ സർവകലാശാല അധികൃതർ അറിയിച്ചു. ഉത്തര, വിസ്മയ എന്നിവരുടെ മരണത്തിന് പിന്നാലെ വിദ്യാർഥികളിൽ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനാണ് സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്.
തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സർജറി വിഭാഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അനസ്തേഷ്യക്കുള്ള മരുന്ന് അമിത അളവിൽ കുത്തിവച്ചതാണ് മരണകാരണം. സ്ത്രീധനം നൽകാനില്ലാത്തതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് റുവൈസ് പിൻമാറിയതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്ന് പുറത്തുവന്നിരുന്നു. സംഭവത്തിൽ റുവെസിനെ അറസ്റ്റ് ചെയ്തിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റുവൈസിനെ സസ്‌പെൻഡ് ചെയ്തു.