ബംഗളൂരു: വിവാദമായ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യവിരുദ്ധ ശക്തികളെയും തീവ്രവാദവും തുറന്നുകാട്ടുന്ന സിനിമയാണത്. കോൺഗ്രസിന്റെത് തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാടാണെന്നും മോദി ആരോപിച്ചു. കർണാടകയിലെ ബല്ലാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
മനോഹരമായ ഒരു സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സിനിമയെടുത്തിരിക്കുന്നത്. കേരളത്തിലെ തീവ്രവാദ ഗൂഢാലോചനയാണ് സിനിമ വിവരിക്കുന്നത്. എന്നാൽ തീവ്രവാദികൾക്കൊപ്പം ചേർന്ന് കോൺഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞു.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെയാണ് വിവാദം പുകയുന്നത്. കേരളത്തിൽനിന്ന് കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്.