പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസിൽ പ്രതിയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തേങ്കുറിശ്ശി സ്വദേശി നിത്യനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകണം. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. കേസിൽ 22 രേഖകൾ ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ചു.
അതേസമയം, തൃശൂരില്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ കുറ്റവാളിയാണെന്നും ഇന്ന് കോടതി കണ്ടെത്തി. ഇയാൾക്ക് 67 വർഷം കഠിന തടവും 80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.
കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ലിഷ എസ് ആണ് കേസിൽ റഷീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റ് 25ന് വൈകീട്ടാണ് സംഭവം നടന്നത്. മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇവർ പാവറട്ടി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റഷീദിനെതിരെ കേസെടുത്തത്.
കണ്ണൂരിൽ ഇന്ന് പോക്സോ പീഡന കേസിൽ പ്രതിയെ മരണം വരെ തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 47കാരനായ പരിയാരം സ്വദേശിയെയാണ് ശിക്ഷിച്ചത്. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചതിനാണ് ശിക്ഷ. 2016 ൽ നടന്ന സംഭവത്തിൽ ആറ് വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പേരോ നടന്ന സംഭവമോ ഒന്നും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരയായ കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനാണ് ഇത്.