കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ, നിർമാതാവും നടനുമായ വിജയ് ബാബുവിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനാണ് ശ്രമം. 22നു പരാതി ലഭിച്ചതിനു പിന്നാലെ വിജയ് ബാബു ഗോവയിലേക്കു കടന്നിരുന്നു. 24ന് അവിടെനിന്നു ബെംഗളൂരുവിൽ എത്തി ദുബായിലേക്കു പോവുകയായിരുന്നു. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
രാജ്യത്തേക്ക് തിരിച്ച് എത്തിക്കണമെങ്കില്‍ നയതന്ത്രപരമായ നടപടികള്‍ ആവശ്യമാണ്. അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടന്നത് തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നത് വിമര്‍ശനത്തിനിടയാക്കി. പ്രതി രക്ഷപ്പെട്ടശേഷമാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ അടക്കം ഇറക്കിയത്. സര്‍ക്കുലര്‍ നിലനില്‍ക്കുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാല്‍ വിമാനത്താവളത്തില്‍വച്ചുതന്നെ വിജയ് ബാബു അറസ്റ്റിലാകും.
ഈ സാഹചര്യം ഒഴിവാക്കാനാകും നടൻ ശ്രമിക്കുകയെന്നാണ് വിവരം. മേയ് 16ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വന്നതിനുശേഷമേ കീഴടങ്ങാന്‍ സാധ്യതയുള്ളൂ. പരാതിക്കാരിയുടെ മൊഴികളില്‍ പറയുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. സിനിമാ മേഖലയിലുള്ളവരും ഹോട്ടൽ ജീവനക്കാരുമടക്കം 8 പേരുടെ മൊഴിയും രേഖപ്പെടുത്തി. അതിജീവിതയെ സ്വാധീനിക്കാനും സമ്മർദത്തിലാഴ്ത്താനും വിജയ് ബാബു ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തലും വൈദ്യപരിശോധനയും പൂർത്തിയാക്കി. സാക്ഷികളുടെ മൊഴിയെടുപ്പും പരിശോധനകളും തുടരുകയാണ്.
പ്രതി പരാതിക്കാരിയോടൊപ്പം ഹോട്ടലുകളിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പുതുമുഖ നടിക്കൊപ്പം എത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പൊലീസ് തെളിവെടുപ്പു നടത്തി. കടവന്ത്രയിലെ ആഡംബര ഹോട്ടലും ഫ്ലാറ്റുമുൾപ്പെടെ 5 സ്ഥലങ്ങളിൽ ഇവർ ഒരുമിച്ച് എത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ 5 സ്ഥലങ്ങളിൽ വച്ചാണു പീഡനം നടന്നതെന്നു യുവതി നൽകിയ പരാതിയിലുമുണ്ട്.
അതേസമയം, പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച ഉടൻ കേസിലെ പ്രതിയായ സിനിമാ നിർമാതാവ് വിജയ് ബാബുവിനു വിവരം ലഭിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എങ്ങനെയാണു വിവരം ചോർന്നു ലഭിച്ചതെന്നു കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ചും സമാന്തര അന്വേഷണം തുടങ്ങി.