കോട്ടയം : കെ-റെയിൽ അതിരടയാള കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കോട്ടയം കുഴിയാലി പടിയിൽ അതിര് കല്ല് സ്ഥാപിക്കാനായി ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാർ കൂട്ടം ചേർന്ന് പ്രതിഷേധിക്കുകയാണ്. കല്ലിടാനായി കുറ്റികളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. അതിനിടെ നട്ടാശേരിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കൂട്ടക്കേസെടുത്തു. കല്ലിടലിനെതിരെ പ്രതിഷേധിച്ച 100 പേർക്കെതിരെയാണ് കേസ് എടുത്തത്. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തിൽ 75 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്.
എറണാകുളം ചോറ്റാനിക്കരയിൽ കെ റെയിൽ പ്രതിഷേധം തുടരുകയാണ്. കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ ചോറ്റാനിക്കര തെക്കിനിയേത്ത് നിരപ്പിൽ നാട്ടുകാർ പന്തൽ കെട്ടി രാപ്പകൽ സമരത്തിലാണ്. പ്രദേശത്ത് അതിരടയാള കല്ല് സ്ഥാപിക്കാൻ കെ-റെയിൽ ഉദ്യോഗസ്ഥർ ഇന്ന് വീണ്ടുമെത്തും. എന്നാൽ ഒരു കാരണവശാലും കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കഴിഞ്ഞ മൂന്ന് ദിവസവും ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് കോൺഗ്രസ് പ്രവർത്തകർ പിഴുത് കുളത്തിൽ എറിഞ്ഞിരുന്നു.
മലപ്പുറത്ത് കെ റെയില്‍ സര്‍വേ ഇന്ന് തവനൂരില്‍ നടക്കും. ഇന്നലെ സര്‍ക്കാര്‍ ഭൂമിയിലാണ് സര്‍വേയും അതിരടയാളക്കല്ല് സ്ഥാപിക്കലും നടന്നത്.കാര്‍ഷിക സര്‍വകലാശാല ഭൂമിയിലെ സര്‍വേക്കെതിരെ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നില്ല.ഇന്ന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് സര്‍വേയും അതിരാടയാളക്കല്ല് സ്ഥാപിക്കലും തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഭാഗത്തുനിന്നും ഇന്ന് തവനൂരിലുണ്ടാവും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് കാവൽ തവനൂരില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.