ആലപ്പുഴ: ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപം ആണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ആലപ്പുഴയിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ ( സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് – എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ എസ് എസ് – എസ്ഡിപിഐ ക്രിമിനലുകൾ.
മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും വി കെ സനോജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമ്മിറ്റിയിലാണ് ഇദ്ദേഹം സെക്രട്ടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.