കായംകുളം: ലഹരിയിലാണ്ടിറങ്ങിയ യുവതലമുറ മനുഷ്യരക്തത്തോട് അറപ്പില്ലാത്തവരായി മാറിയിട്ടും കഞ്ചാവ് ക്വട്ടേഷൻ മാഫിയകളുടെ അടിവേരറുക്കാൻ കഴിയാത്തതിന്റെ കാരണം രാഷ്ട്രീയ പിൻബലമെന്ന് ആക്ഷേപം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലാണ് നാട് കൊടുംകുറ്റവാളികളുടെ സാമ്രാജ്യമായി മാറുന്നത്.
നഗരപരിധിക്കുള്ളിൽ കൊള്ളയും കൊലയും നിത്യസംഭവമായി. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നിസ്സാര കാരണങ്ങളാൽ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർ മാരകമായ ആക്രമണങ്ങൾക്കും വിധേയരായി. സംഘങ്ങളെക്കുറിച്ച് വിവരം നൽകാൻ ജനങ്ങൾക്ക് ഭയമാണ്. നൽകുന്ന വിവരങ്ങൾ അതേപടി മാഫിയക്ക് ലഭിക്കുന്നുവെന്നതാണ് കാരണം. പൊലീസിനെ സഹായിക്കാൻ ഇറങ്ങിയതിലൂടെ ഭീകരമായ ആക്രമണത്തിന് ഇരയായി നാട് തന്നെ വിടേണ്ടി വന്നവരുമുണ്ട്. ഇത്തരത്തിലൊരു അനുഭവമാണ് ജിംനേഷ്യം നടത്തിപ്പുകാരനായിരുന്ന കൃഷ്ണപുരം കാപ്പിൽമേക്ക് ശ്രീമന്ദിരത്തിൽ ജയകുമാറിനും (44) പങ്കുവെക്കാനുള്ളത്.
അഞ്ചു വർഷം മുമ്പ് മാഫിയ സംഘം ജയകുമാറിന്റെ ശരീരമാസകലം വെട്ടിപ്പിളർത്തുകയായിരുന്നു. ഏറെക്കാലം ആശുപത്രിയിൽ കഴിഞ്ഞു. കഞ്ചാവ് കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നൽകിയതാണ് കാരണമായത്. നാലു കിലോയോളം കഞ്ചാവ് പിടിക്കാൻ ഇടയാക്കിയ വിവരം ആരാണ് നൽകിയതെന്ന് ഉറവിടത്തിൽനിന്ന് ചോർന്നതായിരുന്നു കാരണം. ഇതിനിടെ പനയന്നാർകാവിലെ വീട്ടമ്മയുടെ കട കഞ്ചാവ് ലോബി കത്തിച്ചു. ഇതിലെ പ്രതികളെ പിടിക്കുന്നതിലും ജയകുമാറിന്റെ ഇടപെടൽ ഉണ്ടെന്ന സംശയവും പ്രശ്നമായി. തുടർന്ന് ക്വട്ടേഷൻ ഭീഷണി നിരന്തരമായതോടെ ജിംനേഷ്യം പൂട്ടേണ്ടി വന്നു. വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായതോടെ കൃഷ്ണപുരത്തെ താമസം അവസാനിപ്പിച്ച് മറുനാട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ നിരവധി പേരാണ് കഞ്ചാവ് മാഫിയയുടെ കൊലക്കത്തിക്ക് ഇരകളായത്. 2019ൽ നഗരത്തിലെ ബാറിന് മുന്നിലിട്ട് കരീലക്കുളങ്ങര കരുവറ്റംകുഴി ഷമീർഖാനെ (24) കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. ലഹരിയിലായിരുന്ന സംഘം തർക്കത്തിനൊടുവിൽ കാർ കയറ്റി കൊല്ലപ്പെടുത്തുകയായിരുന്നു. കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധമുള്ള കൗമാരക്കാരായ ഒമ്പത് പേരാണ് അന്ന് പിടിയിലായത്.
2020ൽ സി.പി.എം പ്രവർത്തകനായ സിയാദ് ക്വട്ടേഷൻ സംഘങ്ങളുടെ കൊലക്കത്തിക്ക് ഇരയായി.2021ൽ പുതുപ്പള്ളിയിൽ പിറന്നാൾ പാർട്ടിക്കിടെ ഹരികൃഷ്ണൻ കൊല്ലപ്പെട്ടു. 2022ൽ ലഹരി സംഘത്തെ ചോദ്യം ചെയ്തതിന് പെരിങ്ങാലയിൽ കൃഷ്ണകുമാറിനെ വീടിന് മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും അരങ്ങേറി. ഈ വർഷം മേയിൽ നഗരമധ്യത്തിന് മുന്നിലെ ബാറിൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശൻ കൊല്ലപ്പെട്ടതിലും ലഹരിയാണ് വില്ലനായത്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അമ്പാടിയെ കൊലപ്പെടുത്തിയത് കുപ്രസിദ്ധിയാർജിച്ച ലഹരി മാഫിയയാണ്.
മാഫിയ ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 140 ഓളം പേരാണ് കായംകുളം സ്റ്റേഷൻ പരിധിയിൽ മാത്രം റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. കനകക്കുന്ന്, കരീലക്കുളങ്ങര സ്റ്റേഷനുകൾ കൂടി പരിശോധിക്കുമ്പോൾ ഇരട്ടിയലധികം വരും.140ൽ 25 ഓളം പേർ രംഗം വിട്ടെങ്കിലും ലിസ്റ്റിൽനിന്ന് ഒഴിവായിട്ടില്ല. 60ഓളം പേരാണ് സജീവമായി രംഗത്തുള്ളത്. 30 പേർ കാപ്പ നടപടികൾ നേരിട്ടവരാണ്. ഈ വർഷം മാത്രം 12 ഓളം പേർ കാപ്പ പ്രകാരം നടപടി നേരിട്ടു. ഇതിൽ നാലുപേരാണ് ജയിലിലുള്ളത്. പത്തോളം പേർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് നേരിടുന്നു. ക്വട്ടേഷൻ സഹായികളെയും കണ്ണികളെയും കൂടി ഉൾപ്പെടുത്തുമ്പോഴാണ് ഇവരുടെ ശക്തിയുടെ വ്യാപ്തി മനസ്സിലാക്കാൻ കഴിയുന്നത്.