തിരുവനന്തപുരം : വിദ്യാര്‍ഥിനികള്‍ക്ക് മോശമായ വാട്ട്സാപ്പ് സന്ദേശങ്ങള്‍ അയച്ച കോളജ് അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു പറഞ്ഞു. അധ്യാപകന്റെ ഭാഗത്തു ഗുരുതര പിഴവുകളുണ്ടായി എന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെമ്പഴന്തി എസ്എൻ കോളജില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനൊപ്പം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിവരം ധരിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു.
നിയമം അനുശാസിക്കുന്ന ശിക്ഷണ നടപടികള്‍ സ്വീകരിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അധ്യാപകന്റെ പദവിക്കു നിരക്കാത്ത പ്രവൃത്തികളാണ് ഉണ്ടായതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നൽകിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പലതവണ വിലക്കിയിട്ടും വിദ്യാര്‍ഥിനികളെ ആവര്‍ത്തിച്ച് വീഡിയോ കോളില്‍ വിളിച്ചു. അറിയാതെ കൈതട്ടി കോള്പോയതാണെന്ന അധ്യാപകന്റെ വിശദീകരണം സ്വീകരിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.