കണ്ണൂര്‍ : സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതിവേഗ റെയിൽ പാതയ്ക്ക് കോൺഗ്രസ് എതിരല്ലെന്ന് മാത്രമാണ് ഉദേശിച്ചത്. 65,000 കോടിക്ക് പദ്ധതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കേരളം ഒരു ചെറിയ ഇടനാഴിയാണ്. വലിയ വികസനത്തിന് പരിധിയുണ്ട്. ശബരി റെയിൽപ്പാത എവിടെ എത്തിയെന്നും സുധാകരന്‍ ചോദിച്ചു. കവളപ്പാറയിൽ പ്രളയബാധിതരായവർക്ക് വീട് വെച്ച് നല്‍കാന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.പദ്ധതിയെ എതിർക്കാൻ ഏതറ്റം വരെയും പോകുമെന്നും സുധാകരന്‍ പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ റെയിലിനെ പിന്തുണയ്ക്കാമെന്നായിരുന്നു സുധാകരന്‍ ഇന്നലെ പറഞ്ഞത്. ഇതുവരെ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. എങ്കില്‍ കെ റെയിലിനെ പിന്തുണക്കാമെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി സുധാകരന്‍ രംഗത്തെത്തിയത്.
 
			

















 
                

