തൊടുപുഴ> കെ പി ഗോപിനാഥിന്റെ സ്‌മരണയ്‌ക്കായി ഇടുക്കി പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ദേശാഭിമാനി സീനിയർ സബ് എഡിറ്റർ പ്രദീപ് ഗോപാലിന്. 10001 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ പി ഗോപിനാഥിന്റെ 15-ാം അനുസ്‌മരണ ദിനമായ ശനിയാഴ്‌ച രാവിലെ 10.30ന് ഇടുക്കി പ്രസ് ക്ലബ് ഹാളിൽ മന്ത്രി റോഷി അഗസ്‌റ്റിൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കായിക വിഭാഗത്തിൽപ്പെടുന്ന റിപ്പോർട്ടുകളും ഫീച്ചറുകളുമാണ് ഇക്കുറി പരിഗണിച്ചത്. 2022 മെയ് 27 മുതൽ 31 വരെ പ്രസിദ്ധീകരിച്ച ‘മുഴങ്ങുന്നു മൈതാനം, തുടരട്ടെ ഈ കാലം’എന്ന പരമ്പരയാണ് പ്രദീപിനെ അവാർഡിന് അർഹനാക്കിയത്. കേരള ഫുട്‌ബോളിന്റെ സുവർണകാലവും ഇപ്പോഴത്തെ അവസ്ഥയും വിവരിക്കുന്നതാണ് പരമ്പര. ദി ഹിന്ദു കായിക വിഭാഗം മുൻ മേധാവി ബി വിനോദ്, മലയാള മനോരമ കോ ഓർഡിനേറ്റിംഗ് എഡിറ്റർ ആന്റണി ജോൺ, ദീപിക മുൻ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ടി സി മാത്യു എന്നിവരായിരുന്നു വിധി കർത്താക്കൾ.
കാസർഗോഡ് ബേഡുഡക്ക ചെമ്പക്കാട് വീട്ടിൽ സി ഗോപാലന്റെയും നാരായണിയുടെയും മകനാണ് പ്രദീപ്. ഭാര്യ: ശരണ്യ. സഹോദരങ്ങൾ: പ്രിയ, പ്രീതി. 2011 മുതൽ ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന പ്രദീപ് 2017ലെ അണ്ടർ 17 ലോകകപ്പ്, ഏഷ്യൻ ട്രാക്ക് ആന്റ് ഫീൽഡ് മീറ്റ് തുടങ്ങിയവ റിപ്പോർട്ട് ചെയ്തു. 2016ലെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മികച്ച റിപ്പോർട്ടർക്കുളള സർക്കാർ പുരസ്‌ക്കാരം നേടി.
പത്രസമ്മേളനത്തിൽ പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിൽ, ട്രഷറർ വിൽസൺ കളരിക്കൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹാരീസ് മുഹമ്മദ്, പി കെ എ ലത്തീഫ്, എം എൻ സുരേഷ് എന്നിവർ പങ്കെടുത്തു.