മംഗ്ലൂരു: മംഗ്ലൂരുവിൽ കൊല്ലപ്പെട്ട ഫാസിലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. മംഗളൂരുവിൽ തുണിക്കട നടത്തുന്ന ഫാസിലിനെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മുഖം മറച്ച് മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കർണാടകയിലുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ഫാസിലിന്റേത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് സൂറത്കലിൽ നടക്കും.
യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതത്തെ തുടർന്ന് പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നിരുന്നു. നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചിട്ടും രണ്ടാമത്തെ ദാരുണ സംഭവവും ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. സൂരത്ത്ക്കൽ, മുൽക്കി, ബജ്‌പെ, പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കേരള അതിർത്തികളിൽ പരിശോധന വർധിപ്പിച്ചതായി കമ്മീഷ്ണർ അറിയിച്ചു. രാത്രി 10 മണിക്ക് ശേഷം അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റ് വാഹനങ്ങൾ പിടിച്ചെടുക്കാനാണ് നിർദ്ദേശം.
ഫാസിലിനെ വാഹനത്തിലെത്തി കൊലപ്പെടുത്തിയ നാലംഗ സംഘത്തെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് മംഗ്ലൂരുവിൽ ക്യാമ്പ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഫാസിലിന്റെ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മംഗ്ലൂരു കമ്മീഷ്ണർ അറിയിച്ചു.