കോഴിക്കോട്: സ്വത്തിൽ കണ്ണുവെച്ച് 86 വയസ്സുള്ള മാധവൻ നായരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ തടങ്കലിലാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മാധവൻ നായരെ തടവിലാക്കിയതിനെതിരെ പരാതി നൽകാൻ എത്തിയവരോട് കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ മോശമായി പെരുമാറിയെന്ന പരാതിയും കമ്മീഷൻ പരിശോധിച്ചു.
അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും മാധവൻ നായരെ നേരിൽ കേട്ടും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് പരാതി തീർപ്പാക്കിയത്. പാലക്കാട് പത്തിരിപ്പാല സ്വദേശി ശങ്കരനാരായണനാണ് പരാതി നൽകിയത്. മാധവൻ നായരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും മറ്റും രേഖകൾ രാജൻ എന്നയാൾ കൈക്കലാക്കിയെന്നും ബാങ്കിൽ നിന്ന് പണം പിൻവലിച്ചെന്നും കാണിച്ച് മാധവൻനായർ തനിക്ക് പരാതി നൽകിയിരുന്നതായി മെഡിക്കൽ കോളേജ് പോലീസ് എസ് എച്ച് ഒ കമ്മീഷനെ അറിയിച്ചു.
ഇതേ വിഷയത്തിൽ മാധവൻ നായർ കുന്ദമംഗലം കോടതിയിലും പരാതി നൽകിയിരുന്നു. ഇതും അന്വേഷണത്തിനായി മെഡിക്കൽ കോളേജ് പോലീസിന് അയച്ചു കിട്ടി. തുടർന്ന് മാധവൻനായരെ ഹാജരാക്കാൻ കമ്മീഷൻ പോലീസിന് നിർദ്ദേശം നൽകി. മാധവൻ നായർ സിറ്റിംഗിൽ ഹാജരായി. തന്നെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും ഭാര്യയുടെ ബന്ധുവായ മനോജ്കുമാറിനോടൊപ്പമാണ് താൻ ഇപ്പോൾ താമസിക്കുന്നതെന്നും മാധവൻ നായർ അറിയിച്ചു. മാധവൻ നായർ പൂർണ ബോധത്തോടു കൂടിയാണ് സംസാരിച്ചിട്ടുള്ളതെന്ന് കമ്മീഷൻ മനസ്സിലാക്കി. ഈ സാഹചര്യത്തിൽ കേസ് തീർപ്പാക്കി.