സാമ്പത്തികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ കൈവശമുള്ള ഭൂസ്വത്ത് പണയപ്പെടുത്തി പണം കണ്ടെത്താനാകും. സുരക്ഷിതമായൊരു വായ്പയായതിനാല്‍ ബാങ്കുകള്‍ കുറഞ്ഞ പ്രമാണ രേഖകളിലൂടെയും താരതമ്യേന വേഗത്തിലും വസ്തുവിന്റെ ഈടിന്മേലുള്ള ലോണുകള്‍ അനുവദിക്കുന്നു.
കറയറ്റ സാമ്പത്തിക ഇടപാടുകളുടെ ചരിത്രമുള്ളവര്‍ക്ക് ബാങ്കുകള്‍ ‘പ്രീ-അപ്രൂവ്ഡ്’ രീതിയില്‍ ഇത്തരം വായ്പകള്‍ കാലേകൂട്ടി അനവദിച്ചിട്ടുണ്ടാകും. 20 വര്‍ഷവും അതിനു മുകളിലും അയവുള്ള തിരിച്ചടവ് കാലാവധി ലഭിക്കുമെന്നതിനാല്‍ ഇഎംഐ ബാധ്യതയും ലഘൂകരിക്കാനാകും. തിരിച്ചടവ് മുടങ്ങിതിരിക്കുന്നിടത്തോളം ഈട് നല്‍കിയ വസ്തു ഉപയോഗിക്കാനും സാധിക്കുന്നു. തിരിച്ചട് പൂര്‍ത്തിയാകുമ്പോള്‍ വസ്തുവിന്റെ ഉടമസ്ഥത പൂര്‍ണമായും തിരികെ ലഭിക്കും. അതുപോലെ അധികം തുക കൈവശമുണ്ടെങ്കില്‍ നേരത്തെ തിരിച്ചയ്ക്കാം. നിശ്ചയിച്ചതിലും നേരത്തെയുള്ള തിരിച്ചടവിന് ചാര്‍ജ് ഈടാക്കാറില്ല. അതേസമയം വ്‌സ്തു പണയപ്പെടുത്തി ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 4 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാലാവധി
വായ്പയുടെ തിരിച്ചടവ് കാലാവധിയാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. കാലാവധി എത്രത്തോളം ദൈര്‍ഘ്യമേറിയതാണോ അതനുസരിച്ച് പലിശ നിരക്കും ഉയരുന്നു. അതിനാല്‍ കഴിയുന്നതും കുറഞ്ഞ കാലാവധിയില്‍ വായ്പയുടെ തിരിച്ചടവിന് ശ്രമിക്കുക.
ക്രെഡിറ്റ് സ്‌കോര്‍
മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കാം. 750-ല്‍ അധികം ക്രെഡിറ്റ് സ്‌കോര്‍ കൈവശമുള്ളവര്‍ക്ക് വായ്പയില്‍ കുറഞ്ഞ പലിശ നിരക്കിനു വേണ്ടി ധനകാര്യ സ്ഥാപനങ്ങളോട് വിലപേശാന്‍ കഴിയും.
വസ്തുവിന്റെ തരം
കൈവശമുള്ള വസ്തുവിന്റെ തരത്തിനും വിപണി മൂല്യത്തിനും അനുസൃതമായി വേഗത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നു. നിയമപരമായ നൂലാമാലകള്‍ ഇല്ലാത്തതും രേഖകള്‍ കൃത്യമായതുമായ വസ്തുക്കളുടെ ഈടിന്മേല്‍ വേഗം ധനസഹായം ലഭ്യമാകും.
വ്യക്തിഗത വിവരണം
കൃത്യമായ രേഖകളും ഈട് നല്‍കാനുള്ള വസ്തുവിനും പുറമെ, വായ്പ എടുക്കുന്ന വ്യക്തിയുടെ പ്രായം, ജോലി, വരുമാനം തുടങ്ങിയവയും പലിശ നിരക്ക് നിശ്ചയിക്കുന്നതിലും എത്രവേഗം വായ്പ അനുവദിക്കുന്നതിലും നിര്‍ണായക ഘടകങ്ങളാകുന്നു