പന്നിയങ്കര : പന്നിയങ്കര ടോള്‍ പ്ലാസ സമരത്തില്‍ നിലപാട് കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. ടോള്‍ നല്‍കാതെ ബാരിക്കേട് നീക്കി ബസുകള്‍ സര്‍വ്വീസ് നടത്തി തുടങ്ങി. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കരാര്‍ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഭീമമായ തുക ടോള്‍ നല്‍കി സര്‍വീസ് നടത്താനാകില്ലെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകള്‍, കഴിഞ്ഞ 28 ദിവസമായി സമരരംഗത്താണ്. വടക്കഞ്ചേരി മണ്ണുത്തി റൂട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച സ്വകാര്യ ബസുകള്‍, കരാര്‍ കമ്പനി പലവിധ ചര്‍ച്ചകള്‍ക്ക് ശേഷവും നിലപാട് തിരുത്താത്തതിനാല്‍ പ്രതിഷേധം കടുപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.രാവിലെ ടോള്‍ പ്ലാസയിലെത്തിയ ബസുകള്‍ക്ക് രമ്യ ഹരിദാസ് എംപിയുടെയും പിപി സുമോദ് എംഎല്‍എയുടേയും നേതൃത്വത്തില്‍ ബാരിക്കേഡ് നീക്കി സര്‍വ്വീസ് നടത്താന്‍ സൗകര്യമൊരുക്കി കൊടുത്തു.
പ്രതിമാസം 10540 രൂപ ടോള്‍ നല്‍കാന്‍ ബസുടമകള്‍ തയ്യാറായിട്ടും കരാര്‍ കമ്പനി അംഗീകരിച്ചിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നിരക്ക് കുറയ്ക്കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാര്‍ കമ്പനി.