കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള സുനിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. സംഭാഷണത്തിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനി നിഷേധിക്കുന്നില്ല. സുനിയുടെ സഹതടവുകാരന് ആയിരുന്നു ജിന്സന്. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ നടന് ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്ഐആർ ഇന്നു ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസാണ് പുതിയ കേസിലെ പരാതിക്കാരന്.
ബാലചന്ദ്രകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തതെങ്കിലും പിന്നീട് കേസ് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ചിനു കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് കേസിന്റെ അന്വേഷണ ചുമതല. ബൈജു പൗലോസിനെ ലോറിയിടിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.