അന്തരിച്ച കർണാടക ആക്ഷൻ ഹീറോ പുനീത് രാജ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസ്’ ഇന്ന് പ്രദർശനത്തിനെത്തും. രാവിലെ ആറ് മണി മുതലാണ് പ്രദർശനം തുടങ്ങുക. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. പുനീത് രാജ് കുമാറിന്റെ പിറന്നാൾ ദിവസത്തിലാണ് അവസാന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കർണാടകയിൽ മാത്രം അറുനൂറോളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബർ 29നാണ് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46കാരനായ പുനീതിൻറെ മരണം. ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹൻലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു. ഹു വാണ്ട്‍സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായി പുനീത് രാജ്‍കുമാർ. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.