ന്യൂഡൽഹി: പാർലമെന്റിലെ അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസാന്നിധ്യത്തിൽ രാഹുൽ സംസാരിക്കേണ്ടെന്നാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ തീരുമാനം. അവസാന നിമിഷമാണ് രാഹുലിന്റെ പ്രസംഗം മാറ്റിയത്.രാഹുൽ ഗാന്ധി സഭയിലെത്തിയെങ്കിലും പ്രമേയത്തിൽ മറുപടി പറയേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഹാജരായിട്ടില്ല. മണിപ്പൂർ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ചർച്ചകൾക്കു തുടക്കം കുറിച്ചത് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ്.
രൂക്ഷമായ വിമർശനങ്ങളാണ് മോദി സർക്കാറിനെതിരെ ഗൗരവ് ഉയർത്തിയത്. മോദിക്ക് മുമ്പാകെ ഗൗരവ് ഗൊഗോയി മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്. മോദി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിച്ചില്ല, മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസമെടുത്തു, മണിപ്പൂർ മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഏക ഇന്ത്യ എന്നു പറയുന്നവർ മണിപ്പൂരിനേ രണ്ടാക്കി മാറ്റി. വിഡിയോ വൈറൽ ആയില്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും. വടക്ക് കിഴക്കൻ മേഖലയിൽ അശാന്തി സൃഷ്ടിക്കപ്പെടും. ഇത്രയും ആയുധങ്ങൾ എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ പോലും ചോദിക്കുന്നുണ്ട്.ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരം ഘട്ടങ്ങളിൽ മൗനം പാലിക്കുന്നതെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഡൽഹി കലാപം ഉണ്ടായപ്പോഴും കർഷകരും കായിക താരങ്ങളും സമരം നടത്തിയപ്പോഴുമെല്ലാം അദ്ദേഹം മൗനം പാലിച്ചു. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ പോലും പ്രധാനമന്ത്രി മൗനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.