തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. കാലവർഷത്തോടൊപ്പം ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ ഒമ്പത് വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലേർട്ട് മുന്നറിയിപ്പ് ഇങ്ങനെ
07/06/2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്
08/06/2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്
09/06/2022: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ, ഇന്ന് മുതൽ ജൂൺ ഏഴ് വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.