ദില്ലി: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ദേരാ സഛാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ് തന്റെ ദത്തുപുത്രിയുടെ പേരുമാറ്റി. തന്റെ ദത്തുപുത്രിയായ ഹണിപ്രീത് ഇൻസാന്റെ പേര് ഇനി മുതൽ റുഹാനി ദീദി എന്നായിരിക്കുമെന്ന് അറിയിച്ചു.
2017ലാണ് ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹീം സിങ്ങിന് 20 വർഷം ജയിൽ ശിക്ഷ വിധിച്ചത്. മകളുടെ പേര് ഹണിപ്രീത് എന്നായിരുന്നു. എല്ലാവരും അവളെ ‘ദീദി’ എന്ന് വിളിക്കുന്നു. നിരവധി ദീദിമാരുള്ളതിനാൽ ആശയക്കുഴപ്പമുണ്ടാകുന്നു. അതുകൊണ്ട് അവൾക്ക് ‘റുഹാനി ദീദി’ എന്ന് പേരിട്ടു. ‘റൂഹ് ദി’ എന്ന് ചുരുക്കി വിളിയ്ക്കാമെന്നും ഗുർമീത് റാം റഹീം സിംഗ് പറഞ്ഞെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഗുർമീത് റാം റഹീം 40 ദിവസത്തെ പരോളിൽ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. പിന്നാലെ വെർച്വൽ സത്സംഗം നടത്തി. സംഗീത ആൽബവും യൂ ട്യൂബിൽ ദീപാവലി ഗാനത്തിന്റെ വീഡിയോയും പുറത്തിറക്കി. സംഗീതവും രചനയും സംവിധാനവും ഗുർമീത് റാം റഹീം സിംഗ് തന്നെയാണ് നിർവഹിച്ചത്. ഹരിയാനയിലെ സുനാരിയ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ ഇപ്പോൾ ബർണാവ ആശ്രമത്തിലാണ് താമസം. ഹരിയാനയിലെ നിരവധി ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണ സെഷനുകളിൽ പങ്കെടുത്തതായി കോൺഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും അനുയായികളുടെ വോട്ട് ഉറപ്പാക്കാനാണ് പരോളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നേരത്തെ പൗരസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണിൽ ഒരു മാസത്തെ പരോളിൽ വിട്ടയച്ചിരുന്നു. ഫെബ്രുവരിയിൽ, പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന് മൂന്നാഴ്ചത്തെ പരോളും അനുവദിച്ചു.