വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിലെ മതപണ്ഡിതനാണെന്ന വ്യാജേനയാണ് തട്ടിപ്പെന്നാണ് ആക്ഷേപം. രണ്ടു മുതൽ മൂന്നു ലക്ഷം രൂപവരെ നൽകിയാൽ അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നൽകാമെന്നായിരുന്നു പി കെ അബ്ദുൽ മജീദിന്‍റെ വാഗ്ദാനമെന്ന് പരാതിക്കാർ പറയുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി വാടക വീടുകളിലും തകര ഷീറ്റുകളിലും താമസിക്കുന്നവർ ഈ വാഗ്ദാനത്തിൽ വീണു. വയനാട്ടിലെ വിവിധയിടങ്ങളിൽ തട്ടിപ്പിനിരയായ 35 നിർധന കുടുംബങ്ങളാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ആറുമാസം കൊണ്ട് വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് ഇവർ പറയുന്നു. അഹ്ലുസ്സുന്ന എജ്യൂക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരും വ്യാജവിവരങ്ങളും കാണിച്ചായിരുന്നു തട്ടിപ്പെന്നാണ് ആരോപണം.
വയനാടിന് പുറമെ ഗൂഡല്ലൂരിലും അബ്ദുൾ മജീദിനെതിരെ തട്ടിപ്പ് കേസുകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. ആരോപണ വിധേയനായ അബ്ദുൽ മജീദിനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.