റിയാദ്: തൊഴിൽ നിയമത്തിന് വിധേയമായി പ്രവർത്തിക്കുന്ന സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ പരസ്യം ചെയ്യുന്നതിനും തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മിനിമം ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ജോലി സമയം, എഴുത്ത്, പ്രായോഗിക പരീക്ഷ ഫലങ്ങളുടെ അറിയിപ്പ് എന്നിവ സംബന്ധിച്ചാണ് നിബന്ധന കർശനമാക്കുന്നത്.
ജോലി ഒഴിവ് സംബന്ധിച്ച പരസ്യത്തിൽ തസ്തികയെ കുറിച്ച് കൃത്യമായ വിവരണം നൽകണം. അപേക്ഷകർ നൽകേണ്ടത് എങ്ങനെ, എന്തെല്ലാം വിവരങ്ങൾ ചേർക്കണം തുടങ്ങിയവയും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കണം. തസ്തികയുടെ പേര്, ചുമതലകൾ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ജോലിക്ക് വേണ്ട നൈപുണ്യം, പരിചയം എന്നിവ ഇതിലുൾപ്പെടും.
സ്ഥാപനത്തിെൻറ പേര്, അതിെൻറ പ്രവർത്തനം, ആസ്ഥാനം, ജോലി സ്ഥലം എന്നിവയും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കണം. സ്ഥാപനത്തിൽ നേരിട്ടെത്തിയോ അതല്ല ഒാൺലൈൻ സംവിധാനത്തിലോ ആണോ ജോലി ചെയ്യേണ്ടത്, ജോലി താൽക്കാലികമോ, പാർട്ട് ടൈമോ എന്നിങ്ങനെയുള്ള വിശദാംശങ്ങളും പരസ്യത്തിൽ വ്യക്തമാക്കണം. ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനമില്ലാതെ ജോലി ഒഴിവിന് അപേക്ഷിക്കാനുള്ള കാലയളവ് നിർണയിച്ചിരിക്കണം.