കൊല്ലം : വെള്ളിമണ്ണില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മണ്ണിടിഞ്ഞുവീണ് മരിച്ചു. ഏഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. പതിനാല് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് സമാന്തരമായി കുഴികുത്തിയാണ് അഗ്നിശമനാ സേനാംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് അപകടം ഉണ്ടായത്. കിണര്‍ വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന് ഉള്ളിലെ കോൺക്രീറ്റ് തൊടികളും മണ്ണും ഗിരിഷിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അഗ്നിശമനാ സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി മണ്ണുമാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ മണ്ണ് ഇടിയാന്‍ തുടങ്ങിയതോടെ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ചിടും മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു ഗിരിഷിന്‍റെ മൃതദേഹം പുറത്ത് എടുക്കാന്‍.
വയലിന് സമിപത്തുള്ള കിണറിന് നൂറ് വര്‍ഷത്തെ പഴക്കം ഉണ്ട് കിണറിന് 28 തൊടി ആഴമുണ്ട്. അവസാനത്തെ പന്ത്രണ്ട് തൊടികളും കോൺക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതാണ്. മണ്ണിന് ഉറപ്പ് ഇല്ലാത്തതും കോൺക്രീറ്റ് തൊടികളുടെ ബലക്ഷയവുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗിരിഷിന്‍റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.