കോട്ടയം∙ ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി പൂവരണി കള്ളിവയലിൽ ജോസ് ജോർജിന്റെ റബർ തോട്ടത്തിലെ ഷെഡിൽ നിന്നാണ് ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇത് ഉടമസ്ഥൻ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടമയുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഈരാറ്റുപേട്ട സ്റ്റേഷനിൽ ഇവർക്കെതിരെ മോഷണ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്എച്ച്ഒ കെ.പി. ടോംസൺ, എസ്ഐ വി.എൽ. ബിനു, എഎസ്ഐ ബിജു കെ. തോമസ്, സിപിഒ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.