ചെന്നൈ : വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ഇളവ് ആവശ്യപ്പെട്ട കേസിൽ നടൻ വിജയ്ക്കെതിരേ കോടതി നടത്തിയ പരാമർശം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നീക്കി. കോടതിയുടെ പരാമർശങ്ങൾ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് വിജയ് നൽകിയ അപേക്ഷ അനുവദിച്ചാണ് കോടതി ഉത്തരവ്. ഇംഗ്ലണ്ടിൽ നിന്ന് 2012-ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് അമിത പ്രവേശന നികുതി ഈടാക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് താരത്തിന് നിശിത വിമർശനം നേരിടേണ്ടിവന്നത്. നികുതി വെട്ടിപ്പ് രാജ്യദ്രോഹമാണെന്നും സിനിമകളിലെ താരങ്ങൾ നികുതി വെട്ടിക്കുകയാണെന്നുമായിരുന്നു ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യന്റെ നിരീക്ഷണം. പ്രവേശന നികുതിക്കുപുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കഴിഞ്ഞ വർഷം ജൂലായിൽ കോടതി ഉത്തരവിട്ടിരുന്നു.
നികുതിയടയ്ക്കാൻ തയ്യാറാണെന്നും സിംഗിൾ ബെഞ്ചിന്റെ പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എം. ദുരൈസ്വാമിയും ആർ. ഹേമലതയുമടങ്ങുന്ന ബെഞ്ച് കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കുകയും ചെയ്തു. ജസ്റ്റിസ് പുഷ്പ സത്യനാരായണയും മുഹമ്മദ് ഷഫീഖുമടങ്ങുന്ന ബെഞ്ചാണ് കോടതിയുടെ പരാമർശം നീക്കം ചെയ്തത്. കാറിന് പ്രവേശന നികുതിയായി അടയ്ക്കേണ്ട 32 ലക്ഷം രൂപ വിജയ് അടച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നികുതി ഇളവ് അനുവദിക്കണണെന്നാവശ്യപ്പെട്ട് പല പ്രമുഖരും നൽകിയ ഹർജികൾ കോടതി നേരത്തേ തള്ളിയിട്ടുണ്ടെങ്കിലും വിജയ്ക്കെതിരേ നടത്തിയത്പോലുള്ള പരാർശങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ്കോടതി പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്തത്.