ആലപ്പുഴ: പള്ളിയിൽ കുർബാനക്കുപോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ സജിതിനെയാണ് (അപ്പച്ചൻ സജിത്-31 ) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ച 5.45നാണ് കേസിനാസ്പദമായ സംഭവം. സെൻറ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുർബാനക്ക് പോയ പുന്നപ്ര വടക്ക് പഞ്ചായത്ത് 12ാം വാർഡിൽ കൊല്ലം പറമ്പ് വീട്ടിൽ ജോസിയുടെ ഭാര്യ ജാൻസിയുടെ മാലയാണ് കവർന്നത്. പുൽചെടികൾക്കിടയിൽ പതുങ്ങിയിരുന്ന പ്രതി ജാൻസിയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ ജാൻസിയെ ചവിട്ടി വീഴ്ത്തി രണ്ടുപവൻ മാല കവർന്ന് രക്ഷപ്പെട്ടു.
പുന്നപ്ര പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ സഹായകമായത്. ദേഹ പരിശോധനയിൽ രണ്ടുപവന്റെ മാലയും തിരിച്ചുകിട്ടി. സമാന കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ട്. പുന്നപ്ര സ്റ്റേഷൻ പരിധിയിൽ മാത്രം നാലുകേസുണ്ട്.
പുന്നപ്ര സി.ഐ. നിർമൽ ബോസ്, എസ്.ഐ. വി.എൽ. ആനന്ദ്, ടി.എ. സന്തോഷ്. എ.എസ്.ഐ അനസ്, എസ്.സി.പി.ഒമാരായ ബിനു, വിനിൽ, ബിപിൻ, സജു, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.