കോട്ടയം: സെക്കന്‍ഡ് ഹാൻഡ് (യൂസ്ഡ്) വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘പണിയുറപ്പെന്ന’ മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനൊപ്പം പുലിവാൽ പിടിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.വാഹനങ്ങൾ വാങ്ങുന്നതിന് മുമ്പ് അവ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാമെന്നും പൊലീസ് വിശദീകരിക്കുന്നു. അന്തർ സംസ്ഥാനങ്ങളിൽനിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കാനും വാങ്ങാനും നിർബന്ധമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) തുണ വെബ്പോർട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്.
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ സമർപ്പിച്ചാൽ വാഹനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിക്കും. ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഡിജിറ്റൽ പൊലീസ് സിറ്റിസൻ സർവിസസ് എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക. ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സർച്ച് ചെയ്താൽ വാഹനങ്ങളുടെ വിശദമായ റിപ്പോർട്ട് ലഭിക്കും.പല കേസുകളിലും ഉൾപ്പെട്ട വാഹനങ്ങൾ അന്തർസംസ്ഥാനങ്ങളിൽനിന്നും പലരും വാങ്ങുന്നുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങി കേരളത്തിലെത്തിച്ച് വിൽപന നടത്തി ലാഭമുണ്ടാക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.