ബെംഗളൂരു: ജനുവരിയിൽ കർണാടക ചരക്ക് സേവന നികുതിയിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോർഡ് നേടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 6,085 കോടിയുടെ റെക്കോർഡ് കളക്ഷനാണ് ജിഎസ്ടിക്ക് കീഴിൽ ഈ മാസം നേടിയത്. ജിഎസ്ടി നികുതി പിരിവിൽ 30 ശതമാനം വളർച്ചയുള്ള സംസ്ഥാനമായി കർണാടക തുടരുകയാണെന്നും ബൊമ്മൈ ട്വീറ്റ് ചെയ്തു.
പരിഷ്കാരങ്ങൾക്കായി സ്വീകരിച്ച നടപടികളും നികുതി പിരിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രതയും നികുതി ദായകരുടെ സഹകരണവുമാണ് ഈ മാസത്തെ മുന്നേറ്റത്തിന് കാരണം. വരുമാന വർദ്ധനവ് ഈ വർഷം മികച്ച ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിനെ സഹായിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.