തിരുവനന്തപുരം > സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വന്നിരുന്ന ശ്രുതിതരംഗം പദ്ധതിയും അനുബന്ധ പദ്ധതികളായ ധ്വനി, ഉപകരണങ്ങളുടെ മെയിന്റനൻസ് എന്നിവയും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023 – 24 വർഷം മുതൽ ഈ പദ്ധതികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാകും നടപ്പാക്കുക.നിലവിൽ ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾക്കായി സാമൂഹ്യ സുരക്ഷാ മിഷന് ലഭ്യമായിട്ടുള്ള അപേക്ഷകൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറാനും പുതിയ അപേക്ഷകൾ ഹെൽത്ത് ഏജൻസി മുഖേന സ്വീകരിക്കാനും ആവശ്യമായ നടപടി കൈക്കൊള്ളാനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം കോക്ളിയാർ ഇംപ്ലാന്റേഷൻ ശസ്‌ത്രക്രിയക്ക് വിധേയരായി 2 വർഷക്കാലാവധി പൂർത്തിയാകാത്ത കുട്ടികൾക്കുള്ള ഓഡിറ്ററി വെർബൽ തെറാപ്പി ഇനി മുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരം നൽകുന്നതിനും ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട് – മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.