കോട്ടയം: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമാണെന്ന് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്. ശനിയാഴ്ച ഉച്ചയോടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തിയ അദ്ദേഹം കബറിടം സന്ദർശിച്ച ശേഷം മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരെ ആശ്വസിപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതുമായിരുന്നു. അവ പിന്തുടരാൻ എല്ലാവരും ശ്രമിക്കണം. കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും ഉണ്ടായ കനത്ത നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ജനങ്ങൾക്ക് നൽകിയ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതിഫലമാണ് വിലാപയാത്രയിൽ കണ്ടതെന്നും സചിൻ പൈലറ്റ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൻ കെ.പി. കൃഷ്ണകുമാർ കബറിടം സന്ദർശിച്ചു. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് കെ.പി. കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ചലച്ചിത്ര താരം ജോയി മാത്യു, എൻ. പീതാംബരക്കുറുപ്പ് അടക്കം നിരവധി കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധാരണക്കാരടക്കം നിരവധി പേരും ഇവിടെയെത്തി മെഴുകുതിരി കത്തിച്ച ശേഷമാണ് മടങ്ങുന്നത്.