മുംബൈ : പ്രതിഭയുണ്ടെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ദേശീയ ടീമിൽ ഇടം ലഭിച്ചതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദേശീയ ടീമിൽ ഇടം നൽകിയാൽ കാര്യമായി എന്തൊക്കെയോ ചെയ്യാൻ സഞ്ജുവിന് സാധിക്കുമെന്ന വിശ്വാസം ഇപ്പോഴും സിലക്ടർമാർക്കും ടീം മാനേജ്മെന്റിനും ഉണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടംപിടിച്ച സാഹചര്യത്തിലാണ് ചോപ്രയുടെ വിലയിരുത്തൽ. ‘ട്വന്റി20 ഫോർമാറ്റിൽ സഞ്ജു സാംസണിന് ഒരു അവസരം കൂടി നൽകാൻ സിലക്ടർമാർ തീരുമാനിച്ചിരിക്കുന്നു. അത് ഉചിതമായി. സഞ്ജുവിന് ഇതുവരെ അവസരം ലഭിക്കാതിരുന്നിട്ടില്ല. പക്ഷേ ലഭിച്ച അവസരം മുതലാക്കാൻ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം’ – ചോപ്ര യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചൂണ്ടിക്കാട്ടി.
‘സഞ്ജുവിൽ പ്രതിഭയുണ്ടെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഇത്തവണ വീണ്ടും അവസരം നൽകിയിരിക്കുന്നത്. ദേശീയ ടീമിനായി സഞ്ജുവിന് എന്തൊക്കെയോ ചെയ്യാനാകുമെന്ന് അവർ വിശ്വസിക്കുന്നു. വിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇഷൻ കിഷനു തിളങ്ങാനായില്ലെങ്കിൽ ശ്രീലങ്കയ്‌ക്കെതിരെ സഞ്ജുവിന് കളിക്കാനും അവസരം കിട്ടും.
രോഹിത്തും ഋതുരാജ് ഗെയ്ക്‌വാദും ഓപ്പൺ ചെയ്ത് സഞ്ജു വൺഡൗണായി വരാനാണ് സാധ്യത’ – ചോപ്ര പറഞ്ഞു. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള സിലക്ടർമാരുടെ പദ്ധതികളിൽ സഞ്ജുവിനും ഇടമുണ്ടെന്ന് സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ ചേതൻ ശർമ വ്യക്തമാക്കിയിരുന്നു. ഋഷഭ് പന്തിനു പിന്നിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെയാണ് കാണുന്നതെന്നും ചേതൻ ശർമ വിശദീകരിച്ചു.
ഇന്ത്യൻ ജഴ്സിയിൽ 2015 മുതൽ പലതവണ അവസരം ലഭിച്ചെങ്കിലും ഇതുവരെ തിളങ്ങാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇിന്ത്യയ്ക്കായി ഇതുവരെ കളിച്ച 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് 11.70 ശരാശരിയിൽ 117 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. അതേസമയം അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമായത്. 75.66 ശരാശരിയിലും 141.87 സ്ട്രൈക്ക് റേറ്റിലുമായി 227 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഐപിഎൽ 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിനായി കൂടുതൽ റൺസ് അടിച്ചുകൂട്ടിയതും ക്യാപ്റ്റൻ കൂടിയായ സഞ്ജു തന്നെ. റൺവേട്ടക്കാരുടെ പട്ടികയിൽ 14 കളികളിൽനിന്ന് 484 റൺസുമായി ആറാം സ്ഥാനത്തായിരുന്നു സഞ്ജു.