റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിന് പിഴ. അസീറിലെ ഒരു റെഡിമെയ്‍ഡ് വസ്‍ത്ര സ്ഥാപനത്തിനാണ് അസീര്‍ പ്രവിശ്യാ അപ്പീല്‍ കോടതി പിഴ ചുമത്തിയതെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ഇതിലും സ്ഥാപനം വീഴ്‍ചവരുത്തി.
സൗദി പൗരനായ സഈദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ സുവൈരിയുടെ ഉടമസ്ഥതയിലുള്ള ഇഖ്‍തിയാറുനാ അല്‍ അവ്വല്‍ എസ്റ്റാബ്ലിഷ്‍മെന്റാണ് നടപടി നേരിട്ടത്. വാണിജ്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ഓഫര്‍ പ്രഖ്യാപിക്കുകയും അതിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്തെന്നാണ് കോടതി കണ്ടെത്തിയത്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരു വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനങ്ങളും അതിന് ലഭിച്ചിരിക്കുന്ന ശിക്ഷയുടെ വിശദാംശങ്ങളും ഉടമയുടെ തന്നെ ചെലവില്‍ രണ്ട് പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഓഫറിന്റെ പരസ്യങ്ങള്‍ എല്ലാ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ട്.വ്യാജ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1900 എന്ന നമ്പറില്‍ വിളിച്ച് കംപ്ലയിന്റ്സ് സെന്ററില്‍ അറിയിക്കുകയോ അല്ലെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ് വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.