ലക്നോ: ഉത്തർപ്രദേശിൽ പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സ്ത്രീയുടെ ഭർത്താവ് നീരജ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെയാണ് സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടാമത്തെ കുട്ടിയും പെണ്ണായതിന്റെ പേരിലായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം.
”മകന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡിപ്പിച്ചു. രണ്ടാമത്തെ പെൺകുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്” – സ്ത്രീ പറഞ്ഞു. തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി ആരോപിച്ചു. രണ്ട് സ്ത്രീകൾ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടാൻ അപേക്ഷിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നത്.