മലപ്പുറം> സർവകലാശാലകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റിയ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തെറ്റായ നടപടി പിൻവലിക്കുന്നത് വരെ എസ്എഫ്ഐ സമരവുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. വിദ്യാർഥികളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ ഗവർണർക്ക് മുണ്ടുമടക്കേണ്ടിവരും. സർവ്വകലാശാകളിൽ സംഘിവത്കരണം അനുവദിക്കില്ല. കാലിക്കറ്റ് ക്യാമ്പസിൽ വൻ പ്രതിരോധമാണ് എസ്എഫ്ഐ തീർത്തത്. ആ പ്രതിഷേധം സംസ്ഥാനത്താകെ പടർത്തുമെന്നും ആർഷോ പറഞ്ഞു.
“സമരം തുടർന്നുകൊണ്ടേയിരിക്കും. ഇന്നത്തെ സമരത്തിന്റെ തുടർച്ച തിരുവനന്തപുരം വിമാനത്താവളം മുതൽ രാജ്ഭവൻ വരെ ഉണ്ടാകും. വരുന്ന ദിവസങ്ങളിൽ ശക്തമായ സമരങ്ങൾ ഉണ്ടാവും. നിലവിൽ എടുത്ത തീരുമാനം കേവലം കാലിക്കറ്റ് സർവകലാശാലയ്ക്ക് അകത്ത് ഒതുങ്ങി നിൽക്കുന്നതല്ല. ഇന്നത്തോടെ ഈ സമരം അവസാനിക്കില്ല. വരും ദിവസങ്ങളിൽ കേരളം കാണാൻ ഇരിക്കുന്നത് അതിശക്തമായ പ്രക്ഷോഭമായിരിക്കും”- ആർഷോ പറഞ്ഞു.