ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചില ജില്ലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ആളുകളെ വീടിന് പുറത്തിറങ്ങുന്നതില്‍നിന്ന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാണ് അനുമതി. ചൈനയിലെ പ്രധാന വാണിജ്യനഗരങ്ങളിലൊന്നാണ് ഷാങ്ഹായ്.
ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിത്തിക്കുന്ന നഗരത്തിലാണ് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരിടവേളക്ക് ശേഷമാണ് ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. ഷാങ്ഹായിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് ഷാങ്ഹായ് നഗരസഭാ ആരോഗ്യ കമ്മിഷന്‍ ചെയര്‍മാന്‍ വു ഖിയാനു അറിയിച്ചുയ ഷാങ്ഹായ് നഗരത്തിന്റെ പകുതിയിലേറെ ഭാഗവും നിലവില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പരിധിയിലാണ്. നേരത്തെ വീടിന്റെ കോമ്പൗണ്ടുകളില്‍ ജനങ്ങള്‍ക്ക് നടക്കാന്‍ അനുമതിയുണ്ടായിരുന്നു.
ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ മരുന്നുകള്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് ലോണുകള്‍, വാടക സമയം നീട്ടി നല്‍കല്‍ എന്നിവ നടപ്പില്‍ വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനയുടെ വ്യാപാര കേന്ദ്രമായ ഷാങ്ഹായ് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം 62 ലക്ഷം ജനങ്ങളാണ് വീട്ടിനുള്ളില്‍ കഴിയുന്നത്. ചൊവ്വാഴ്ച ചൈനയില്‍ 6,886 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4,477 കേസുകള്‍ ഷാങ്ഹായില്‍ നിന്നാണ്. ലോകത്ത് ചൈനയിലാണ് ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്.