മുംബൈ:പ്രതിപക്ഷ പാർട്ടികളുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ശരദ് പവാർ. അജിത് പവാർ ഇപ്പോഴും എൻസിപിയുടെ നേതാവാണെന്നാണ് ശരദ് പവാർ ബാരാമതിയിൽ പറഞ്ഞത്. പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും പവാർ പറഞ്ഞു. ദേശീയ തലത്തിൽ വലിയൊരു വിഭാഗം അടർന്ന് മാറിയാലാണ് പിളർപ്പെന്ന് പറയാനാവുക. ഇവിടെ അതുണ്ടായിട്ടില്ല. ചിലർ വ്യത്യസ്ത നിലപാടെടുത്തു. ജനാധിപത്യം അത് അനുവദിക്കുന്നുണ്ട്. അജിത് ഇപ്പോഴും നേതാവാണെന്നും പാർട്ടി ഒറ്റക്കെട്ടെന്നും പവാർ വിശദീകരിച്ചത് ഇങ്ങനെയെല്ലാം പറഞ്ഞാണ്. ഒന്നുകിൽ യഥാർഥ പാർട്ടി തന്‍റെതാണെന്ന അവകാശ വാദം, അല്ലെങ്കിൽ അജിത്തിനൊപ്പം ബിജെപി പാളയത്തിലേക്ക് പോവുമെന്ന സൂചന . രണ്ടു തരത്തിലാണ് പവാറിന്‍റെ വാക്കുകളെ വ്യാഖ്യാനിക്കാനാവുക.
ഇന്ത്യ എന്ന പേരിൽ പ്രതിപക്ഷ നിര ഒരു മുന്നണിയുണ്ടാക്കി മുന്നോട്ട് പോവുമ്പോൾ പവാർ നടത്തിയ ഈ പരാമർശം വലിയ വിവാദമാവുമെന്ന് വ്യക്തമായതോടെ വാർത്താസമ്മേളനത്തിൽ ഇടപെട്ട് മകൾ സുപ്രിയാ സുലേ ഒന്ന് കൂടി വിശദീകരിച്ചു . യഥാർഥ പാർട്ടി ശരദ് പവാറിനൊപ്പമാണ്. എൻസിപി ബിജെപിയോടൊപ്പമല്ലെന്നും സുപ്രിയ പറഞ്ഞു .എന്നാൽ അജിത് പവാറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതും, മോദിക്കൊപ്പം വേദി പങ്കിട്ടതും അടക്കം സമീപകാലത്ത് ശരദ് പവാർ നടത്തുന്ന നീക്കങ്ങളെല്ലാം സഖ്യകക്ഷികളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ആ മുറിവ് വലുതാക്കുന്നതാണ് പവാറിന്‍റെ ഇന്നത്തെ പ്രതികരണം. ശിൻഡെ വിഭാഗത്തിനെതിരെ ഉദ്ദവ് താക്കറെ സ്വീകരിച്ച കടുത്ത നിലപാട് ശരദ് പവാർ എൻസിപിയുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്ന വിമർശനം സഞ്ജയ് റാവത്ത് തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു.