മുംബൈ : ബിജെപി ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. സഖ്യകക്ഷിയായി ബിജെപിക്കൊപ്പം ശിവസേന 25 വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ശിവസേനയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കും. അകാലിദളും ശിവസേനയും പോലുള്ള പഴയ ഘടകകക്ഷികള്‍ ഇതിനകം പുറത്തുപോയതിനാല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം ചുരുങ്ങിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സ്ഥാപകനും പിതാവുമായ ബാല്‍ താക്കറെയുടെ 96-ാം ജന്മവാര്ഷികത്തില് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ. അധികാരത്തിനുവേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല. ശിവസേന ബിജെപിയെയാണ് വേണ്ടെന്നുവച്ചത്, ഹിന്ദുത്വത്തെ അല്ല.
ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിക്കുന്നു. ബിജെപി അവരുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.