തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ഒടുവില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. തുറന്ന് പറച്ചിലുകള്‍ക്കും നേതാക്കള്‍ക്കെതിരായ പരസ്യ വിമര്‍ശനവും അടക്കമുള്ള വിവാദങ്ങള്‍ക്കിടെ ശോഭ സുരേന്ദ്രന് ബിജെപി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ പ്രഭാരിയുടെ ചുമതല നല്‍കി. പാര്‍ട്ടിയില്‍ ചുമതല നല്‍കാതെ അവഗണിക്കുന്നുവെന്ന ശോഭയുടെ പരസ്യ വിമര്‍ശനങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്റെ ഭാഗത്ത് നിന്നും ഒരു അനുനയന നീക്കം. നേരത്തെ ജില്ലയുടെ ചുമതല ഉണ്ടായിരുന്ന കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നല്‍കി. എം ടി രമേശിനാണ് ഉത്തര മേഖല ചുമതല. വിവിധ ജില്ലകളുടെ ചുമതല നേതാക്കള്‍ക്ക് നല്‍കി സംസ്ഥാന അധ്യക്ഷനാണ് തീരുമാനം എടുത്തത്.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായി പരസ്യ പ്രസ്താവന നടത്തുന്ന ശോഭാ സുരേന്ദ്രന്‍, സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നടക്കമുള്ള പരാതി നേരത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എഐ ക്യാമറ വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി സുരേന്ദ്രന്‍ ഉന്നയിച്ചത്.