തിരുവനന്തപുരം : സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ മതിയായ വില നിശ്ചയിച്ച് പണം നൽകിയ ശേഷം മാത്രമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടമായവരുടെ അഭിപ്രായം കേൾക്കും. മാധ്യമങ്ങൾ അരാജക സമരത്തിന് ഉശിര് പകരുന്നു. കേരള വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം കെ റെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ചർച്ചയോട് അനുഭാവ പൂർണമായി പ്രധാനമന്ത്രി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത 50 വർഷത്തേക്കുള്ള സംവിധാനമാണ് കെ റെയിൽ പദ്ധതിയെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെറെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും പദ്ധതിയെ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി പ്രധാനമന്ത്രി വിഷയം ചർച്ച ചെയ്തു. കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുമായി ചർച്ച നടത്തി.പ്രധാന മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ചയായെന്നും അനുഭാവപൂർണമായ ചർച്ചയാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.