എറണാകുളം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയേക്കില്ല. ലൈംഗിക പീഢന കേസുകൾ ഉൾപ്പടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകിയാൽ അത് സംസ്ഥാനത്ത് തന്നെ യുഡിഎഫിന്റെ വിജയ സാധ്യതകൾക്ക് കോട്ടം തട്ടുമെന്ന വിലയിരുത്തൽ നേതാക്കൾക്കിടയിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ആളിക്കത്തിക്കുമെന്നത് ഉറപ്പാണ്. അതിനൊപ്പം എൽദോസിനെതിരായ വിഷയങ്ങൾ കൂടിയാകുമ്പോൾ സ്ത്രീ വോട്ടർമാക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ഇതാണ് എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് നേതൃത്വത്തെ കൊണ്ടുചെന്നെത്തിക്കുന്ന പ്രധാന കാരണം. പ്രദേശിക വികാരവും കുന്നപ്പിളളിക്കെതിരാണ്.
ഇത്തവണ കുന്നപ്പിള്ളിയെ മാറ്റി നിർത്തിയാൽ പ്രഥമ പരിഗണന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡിസിസി വൈസ് പ്രസിഡണ്ടുമായിരുന്ന മനോജിന് അനുകൂലമായി പ്രാദേശിക വികാരവും ഉയരുന്നുണ്ട്. സഹകരണ സംഘം പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ കാഴ്ച്ചവെച്ച സമാനതകളില്ലാത്ത പ്രകടനം മനോജിന് മുൻതൂക്കം നൽകുന്നുണ്ട്. സഹകരണ സംഘത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ജില്ലാ പഞ്ചായത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തെക്കുള്ള യാത്രയിൽ ഒരു തരത്തിലുമുള്ള ആരോപണങ്ങളും ഉയർന്നിട്ടില്ല എന്നതും ഇദ്ദേഹത്തിന് അനുകൂല ഘടകമാണ്.
എല്ലാ വിഭാഗങ്ങൾക്കിടയിലുമുള്ള ഇദ്ദേഹത്തിന്റെ സ്വീകാര്യതയും മണ്ഡത്തിൽത്തന്നെയുള്ളയാൾ എന്നതും മനോജിന് മുൻതൂക്കം നൽകുന്നുണ്ട്. കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ പ്രഥമ പരിഗണനയിലുള്ള പേരും മനോജിന്റെ തന്നെയാണ്. കെ പി സി സി സെക്രട്ടറി ജയ്സൺ ജോസഫിന്റെ പേരും പെരുമ്പാവൂരിൽ പരിഗണനയിലുണ്ട്. എന്നാൽ മണ്ഡലത്തിന് പുറത്തുള്ളയാൾ എന്നതും ഒരു തവണ പെരുമ്പാവൂരിൽ മൽസരിച്ച് തോറ്റതും ജെയ്സൺ ജോസഫിന്റെ സാധ്യതക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.







