ആലപ്പുഴ: എങ്ങും വമിക്കുന്ന ദുർഗന്ധം, പ്രദേശവാസികൾ നാടാകെ ദിവസങ്ങൾ പരതിയിട്ടും ഉറവിടം കണ്ടെത്തിയില്ല. അവസാനംതാമരശ്ശേരി പരപ്പൻ പൊയിൽ ആലിൻചുവട്ടിൽ കണ്ട കാഴ്ചയിൽ ഞെട്ടി നാട്ടുകാർ. മാംസം അഴുകി പുഴുവരിക്കുന്ന നിലയിലുള്ള പശുവിൻ്റെ ജഡം കണ്ടാണ് പ്രദേശവാസികൾ ഞെട്ടിയത്.
പശു ചത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മറവ് ചെയ്യാതെ ആലയിൽ പ്ലാസ്റ്റിക്കിട്ട് ഉടമ മൂടിയതാണ് പ്രദേശം മുഴുവൻ ദുർഗന്ധം വമിക്കാൻ കാരണമെന്ന് നാട്ടുകാർ കണ്ടെത്തി. സംഭവം ഉടമയെ അറിയിച്ചപ്പോൾ നിഷേധാത്മക സമീപനമായിരുന്നെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇവിടെ ആഹാരം പാകം ചെയ്യുകയുൾപ്പെടെയുണ്ടെന്നും നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ എം.ആർ. പ്രതാപൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അപ്പോൾ അഴുകിയ പശുവിൻ്റെ ജഡം ചാണകം നിറച്ച് മറച്ച നിലയിയിലായിരുന്നു. പരപ്പൻ പൊയിൽ കലോട്ട് പൊയിൽ ഉമ്മറിനെതിരെയാണ് പരാതിയെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകുമെന്ന് അവർ പറഞ്ഞു.