ബംഗളൂരു: അധികാരത്തിലെത്തിയാൽ പോപുലർ ഫ്രണ്ടിനെ പോലെ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കർണാടകയിലെ കോൺഗ്രസ് ഹിന്ദു വിദ്വേഷ പാർട്ടിയാണെന്ന് ബോധ്യപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മേയ് 10 നാണ് കർണാടകയിൽ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ”കോൺഗ്രസിന്റെ മാനിഫെസ്റ്റോ അവർ ഹിന്ദു വിരുദ്ധരാണെന്നതിന് വ്യക്തമായ തെളിവാണ്. ഹിന്ദു സംഘടനകളെ ഭീകരസംഘടനകളുമായാണ് അവർ താരതമ്യം ചെയ്യുന്നത്. ഏതു തരം മത, സാമൂഹിക-രാഷ്ട്രീയ ചിന്തകളാണ് കോൺഗ്രസ് പിന്തുടരുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണിത്.”-സ്മൃതി ഇറാനി പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കർണാടകയിൽ ബി.ജെ.പി വിജയിക്കുമെന്നും അവർ ഉറപ്പു പറഞ്ഞു.
ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ആരെങ്കിലും ജയ് ബജ്‌റംഗ് ബാലി വിളിച്ചതിന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമോ? ഒരു ഹിന്ദു ദൈവത്തിനു മുന്നിൽ കോൺഗ്രസ് ക്ഷമ യാചിക്കുമോ? അവരുടെ പ്രകടനപത്രിക നുണയായിരുന്നോ? ബജ്‌റംഗ് ദളിനെ നിരോധിക്കാനുള്ള കോൺഗ്രസിന്റെ ലക്ഷ്യവും ജയ് ബജ്‌റംഗ് ബാലി എന്ന് വിളിക്കുന്നവർക്കെതിരെ പരാതിപ്പെടുന്നതും ആ പാർട്ടിയുടെ ആശയക്കുഴപ്പം നിറഞ്ഞ സ്വഭാവമാണ് കാണിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു.