മണിപ്പൂർ : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ മരുമകൻ ആർ കെ ഇമോ സിംഗ് ഭാര്യാപിതാവിനേക്കാൾ സമ്പന്നൻ. ആർ കെ ഇമോയ്ക്ക് 5.10 കോടി (5,10, 94,917) രൂപയുടെ ആസ്തിയും, ബിരേൻ സിംഗിന് 1.08 (1,08,46,392) കോടി രൂപയുടെ സ്വത്തുമാണ് ഉള്ളത്. ചുരുക്കത്തിൽ ഭാര്യാപിതാവിനേക്കാൾ അഞ്ചിരട്ടിയാണ് ഇമോയുടെ ആസ്തി. സഗോൽബന്ദ് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായാണ് ആർ കെ ഇമോ ജനവിധി തേടുന്നത്. കൈയിൽ പണമായി 2.16 ലക്ഷം (2,16,400) രൂപയും 7 ബാങ്ക് അക്കൗണ്ടുകളിലായി 37 ലക്ഷം രൂപയും ഉൾപ്പെടെ 1.14 കോടിയുടെ(1,14,37,779) രൂപയുടെ ജംഗമ സ്വത്തുക്കൾ ഇമോയ്‌ക്കുണ്ടെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 6.5 ലക്ഷം വിലയുള്ള മാരുതി ജിപ്‌സി, 16,68,905 രൂപ വിലമതിക്കുന്ന മഹീന്ദ്ര സ്‌കോർപിയോ, 18,38,688 രൂപ വിലമതിക്കുന്ന ഹാർലി ഡേവിഡ്‌സൺ ബൈക്ക് എന്നിവ ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് ഇമോയുടെ കൈവശമുള്ളത്. ഒരു ഷോട്ട്ഗൺ, .38 പിസ്റ്റൾ എന്നിവെയും പക്കലുണ്ട്.
ഇമോയുടെ ഭാര്യയും ബിരേൻ സിംഗിന്റെ മൂത്ത മകളുമായ അഞ്ജുബാല നോങ്‌തോങ്‌ബാമിനും 2.13 കോടിയുടെ (2,13,20,021) ആസ്തിയുണ്ട്. സ്വയം സമ്പാദിച്ച 15,00,000 രൂപയുടെ സ്വത്തുക്കളും 1,37,07,137 രൂപയുടെ അനന്തരാവകാശ സ്വത്തുക്കളും 2,44,50,001 രൂപയുടെ കെട്ടിടങ്ങളും ഉൾപ്പെടെ 3,96,57,138 രൂപയുടെ സ്ഥാവര സ്വത്തുക്കൾ സഗോൽബന്ദ് എംഎൽഎയ്ക്കുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പയായി 44,36,391 രൂപയുടെ ബാധ്യതയുണ്ട്.