ദില്ലി: മുംബൈയിലെ മലിനീകരണത്തെയും ഗതാഗത കുരുക്കിനെ സംബന്ധിച്ചും രൂക്ഷമായി പരാമര്‍ശിച്ച് നടി സോനം കപൂർ. ശനിയാഴ്ചയാണ് നടി തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മുംബൈയിലെ ഗതാഗത കുരുക്കിനെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. മുംബൈയിൽ മകൻ വായുവിനൊപ്പമാണ് അനില്‍ കപൂറിന്‍റെ മകളായ സോനം താമസിക്കുന്നത്.
ശനിയാഴ്ച മുംബൈയിലെ ഒരു യാത്രയില്‍ ഏറെ സമയം എടുക്കുകയും, ട്രാഫിക്കില്‍ കുടുങ്ങുകയും ചെയ്തതാണ് നടിയെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ജുഹുവിലെ വീട്ടിൽ നിന്ന് ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലേക്ക് യാത്ര ചെയ്യവെയാണ് നടി ട്വീറ്റ് ചെയ്തത്. മുംബൈ നഗരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത് വലിയതോതില്‍ മലിനീകരണവും, റോഡ് ട്രാഫിക്ക് കുരുക്കും വര്‍ദ്ധിപ്പിച്ചുവെന്ന് നടി ട്വീറ്റ് ചെയ്തു. ”മുംബൈയിലൂടെ വാഹനമോടിക്കുന്നത് വേദനാജനകമാണ് . ജുഹുവിൽ നിന്ന് ബാൻഡ്‌സ്റ്റാൻഡിലെത്താൻ എനിക്ക് ഒരു മണിക്കൂർ എടുത്തു. എല്ലായിടത്തും വളരെയധികം നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്.” – സോനത്തിന്‍റെ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ സോനത്തിന്‍റെ ട്വീറ്റിനെ അനുകൂലിച്ച് മാത്രമല്ല സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വികസനത്തിന്‍റെ ഭാഗമാണ് എന്ന് ഓർമ്മിപ്പിച്ചാണ് പലരും സോനത്തിന്‍റെ ട്വീറ്റിന് മറുപടി നൽകിയത്. സോനം കാണിക്കുന്നത് സമൂഹത്തിലെ ഉന്നതരാണ് താന്‍ എന്ന പ്രിവിലേജാണ് കാണിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്.
ഒരു ട്വീറ്റര്‍ ഉപയോക്താവ് സോനത്തിന് മറുപടി നല്‍കിയത്, ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വികസനം എന്ന് വിളിക്കുന്നു എന്ന് പറഞ്ഞാണ്. നടിയുടെ ആഢംബര കാര്‍ തന്നെ മലിനീകരണത്തിന്‍റെ ഭാഗമാണ് എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് സോനത്തെ ഓര്‍മ്മിപ്പിച്ചത്. മുംബൈ അപ്‌ഗ്രേഡുചെയ്യുകയാണ് എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ സോനം നിയമത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും. ഏത് നിര്‍മ്മാണമായാലും അത് പൊതുജീവിതത്തിന് ശല്യമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചവരും ഉണ്ട്.
അതേ സമയം സോനം കപൂറിന്റേതായി ഒരിടവേളയ്‍ക്ക് ശേഷമെത്താനിരിക്കുന്ന ചിത്രമാണ് ‘ബ്ലൈൻഡ്’. സോനം കപൂര്‍ നായിയാകുന്ന പുതിയ ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. ചിത്രം ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഷോം മഖിജയാണ് ‘ബ്ലൈൻഡ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ പേരിലുള്ള കൊറിയൻ ത്രില്ലര്‍ സിനിമയാണ് സോനം കപൂര്‍ നായികയായി ബോളിവുഡില്‍ എത്തുന്നത്. ഗൈരിക് സര്‍ക്കാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സീരിയല്‍ കില്ലറിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു ബ്ലൈൻഡ് പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.