തീരെ ചെറിയ ജീവികള്‍ ശരീരത്തിനകത്ത് കയറിപ്പറ്റുമ്പോള്‍ ചിലപ്പോഴെങ്കിലും നാമത് അറിയാതെ പോകാം. ഭാഗ്യവശാല്‍ ഇവ പ്രശ്നങ്ങള്‍ക്കൊന്നും കാരണമാകാതെ ചത്ത് പുറത്തെത്തിയാല്‍ അത് നല്ലത്. എന്നാല്‍ എല്ലായ്പോഴും ഇങ്ങനെ ഭാഗ്യം തുണയ്ക്കണമെന്നില്ല. അതിനാല്‍ തന്നെ പെട്ടെന്ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതകളോ തോന്നിയാല്‍ ഉടൻ തന്നെ ആശുപത്രിയിലെത്തി പരിശോധിച്ച് ഇങ്ങനെയുള്ള അപകടകാരികളൊന്നും ശരീത്തില്‍ കയറിയതോ ആക്രമിതച്ചതോ അല്ലെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്തയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിക്കുള്ളില്‍ എട്ടുകാലി വല നെയ്ത് കൂടുവച്ചിരിക്കുന്നത് കണ്ടെത്തി എന്നതാണ് വാര്‍ത്ത. യുകെയിലാണ് സംഭവം. അധ്യാപികയും കണ്ടന്‍റ് ക്രിയേറ്ററുമായ ലൂസി വൈല്‍ഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്.
ആഴ്ചകളായി ചെവിക്കകത്ത് അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നുവത്രേ. ദിവസങ്ങള്‍ കൂടുംതോറും ചെവിക്കകത്തെ വേദനയും കൂടി വന്നു. ഇതിനിടെ ചെവിക്കകത്ത് എന്തോ ഇരിപ്പുണ്ടെന്ന് ഇവര്‍ക്ക് മനസിലായി. ഇതിനെ പുറത്തെടുക്കാൻ പലതും ചെയ്തുനോക്കി. ഒടുവില്‍ ഒലിവ് ഓയില്‍ ഒഴിച്ചു. ഇതില്‍ എട്ടുകാലി പുറത്തെത്തി. എന്നാല്‍ ചെവിയില്‍ നിന്ന് രക്തം വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു.അങ്ങനെ എമര്‍ജൻസി നമ്പറില്‍ വിളിച്ചാണ് ലൂസി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഡോക്ടര്‍മാര്‍ ക്യാമറ ഘടിപ്പിച്ച ഉപകരണം കൊണ്ട് ചെവിക്കകം പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. എട്ടുകാലി ചെവിക്കകത്ത് കയറിക്കൂടുക മാത്രമല്ല, അകത്ത് വല നെയ്ത് കെട്ടി താമസമാക്കുകയും കൂടി ചെയ്തിരിക്കുകയായിരുന്നു. എട്ടുകാലി പുറത്തെത്തിയെങ്കിലും ദിവസങ്ങളോളം അത് അകത്ത് ജീവനോടെ കഴിഞ്ഞത് യുവതിയുടെ കേള്‍വിശക്തിയെ ബാധിച്ചിരുന്നുവത്രേ. മാത്രല്ല അണുബാധയും ഉണ്ടായിരുന്നു. എന്തായാലും സമയത്തിന് ആശുപത്രിയിലെത്തിയതിനാല്‍ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ രക്ഷപ്പെടാനായി. എങ്ങനെയാണ് ചെവിക്കകത്ത് എട്ടുകാലി കയറിയതെന്ന് തനിക്കറിയില്ലെന്നാണ് ലൂസി പറയുന്നത്. വേദന വന്നപ്പോള്‍ മാത്രമാണ് ചെവിക്കകത്ത് എന്തോ പോയിട്ടുണ്ടെന്ന് മനസിലായതെന്നും ഇവര്‍ പറയുന്നു.