പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ, കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മുഖ്യസൂത്രധാരൻ കൂടിയായ പട്ടാമ്പി സ്വദേശി ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിലായി. പ്രതികൾ എത്തിയ 2 ബൈക്കുകൾ പൊളിച്ചുമാറ്റി ആക്രിക്കടയിൽ കൊടുത്ത പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്ദുൽ നാസർ (40), കാജാ ഹുസൈൻ (33), പട്ടാമ്പി കൊടലൂർ സ്വദേശി ഹനീഫ (28) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പട്ടാമ്പി സ്വദേശിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊളിച്ചുമാറ്റിയ ബൈക്കിന്റേതെന്നു കരുതുന്ന ഭാഗങ്ങളും നമ്പർ പ്ലേറ്റുകളും കണ്ടെടുത്തു. പ്രതികൾ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരാണെന്നു പൊലീസ് പറഞ്ഞു.