കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ നിയോഗിച്ച് സർക്കാര്‍. പെട്രോളിനും മണ്ണെണ്ണയ്ക്കും രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതോടെ മണിക്കൂറുകൾ ക്യൂ നിന്നാണ് ജനങ്ങൾ ഇവ വാങ്ങുന്നത്. പാചകവാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മണ്ണെണ്ണയാണ് ജനങ്ങൾ പാചകത്തിന് ആശ്രയിക്കുന്നത്.
അതിനിടെ, ഭക്ഷണ ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്ന് ജനങ്ങൾ അഭയാർഥികളായി ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി. പെട്രോൾ വാങ്ങാൻ ക്യൂനിന്ന മൂന്നു പേർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരു ചെറുപ്പക്കാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് പെട്രോള്‍ വിതരണം ഏകോപിപ്പിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.
നൂറുകണക്കിന് വരുന്ന സർക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിൽ രണ്ടു സൈനികരെ വീതമായിരിക്കും വിന‌്യസിക്കുക എന്ന് സൈനിക വക്താവ് നിളന്ത പ്രേമരത്നെ വ്യക്തമാക്കി. പെട്രോൾ വിതരണം കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് സൈനികരുടെ ജോലിയെന്നും അവർ ആളുകളെ നിയന്ത്രിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളെ സഹായിക്കാനാണ് സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്, അല്ലാതെ അവരുടെ മനുഷ്യാവകാശങ്ങൾ ഹനിക്കാനല്ല.’– സർക്കാർ വക്താവ് രമേഷ് പതിരാന പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാ അവശ്യ വസ്തുക്കൾക്കും കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. കിട്ടുന്ന സാധനങ്ങൾ തീ പിടിച്ച വിലയും. ഡോളർ നിക്ഷേപം കുറഞ്ഞതോടെ അവശ്യ വസ്തുക്കൾ പോലും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് രാജ്യം ഇപ്പോള്‍. ഇന്ത്യയോടും ചൈനയോടും സഹായാഭ്യർഥന നടത്തിയതിനു പുറം ഐഎംഎഫിനോടും ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ദ്വീപ് രാഷ്ട്രം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ശ്രീലങ്കൻ ജനത ഭക്ഷണവും ജീവിത മാർഗവും തേടി അഭയാർഥികളായി ഇന്ത്യയിലേക്കെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം ലങ്കയിൽ നിന്ന് കൈക്കുഞ്ഞും കുട്ടികളുമായി ബോട്ടിൽ ധനുഷ്കോടിയിലെത്തിയ 6 അംഗ സംഘത്തെ തീരസംരക്ഷണ സേന രക്ഷിച്ച് രാമേശ്വരത്തെത്തിച്ചിരുന്നു. യുവാവും ഭാര്യയും 4 മാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുമാണെത്തിയത്.
ശ്രീലങ്കയിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും കുട്ടികൾ പോലും പട്ടിണിയിലാണെന്നും സംഘത്തിലെ വീട്ടമ്മ തിയൂരി പറഞ്ഞു. ഇന്ത്യയിലേക്ക് വരാനായി ധാരാളം പേർ ശ്രീലങ്കയിൽ കാത്തിരിക്കുകയാണ്. ആളുകളെ കടത്താനായി ഒട്ടേറെ ബോട്ടുകൾ തയാറെടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കോസ്റ്റ് ഗാർഡ് ക്യാംപിലെത്തിച്ച് ആഹാരം നൽകിയ ശേഷമാണ് ഇവരെ അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ പൊലീസിനു കൈമാറിയത്.