കര്‍ണാടക : കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടി. സംഭവത്തിൽ കടബ പോലീസ് കേസെടുത്തു. പള്ളിയിലെ പുരോഹിൻ നൽകിയ പരാതിയിലാണ് നടപടി. മേയ് ഒന്നിന് അർധരാത്രിയോടെ അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിലാണ് സംഭവം. പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു.
ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.